അച്ഛൻ
തലച്ചോറിൽ മൂന്നിടത്ത് രക്തം കട്ടപിടിച്ചിരിക്കുന്നു. സർജറി നടത്താൻ പറ്റാത്ത പ്രായം. ഗുളികകൾ മുടങ്ങരുത്. സംസാരത്തിനൊന്നും കുഴപ്പമില്ലല്ലോ. നേരിയ ഒരു കുഴച്ചിൽ. അതു സാരമാക്കാനില്ല. ഈ അവസ്ഥയിൽ ഒരു ഭാഗം തളർന്നു പോവേണ്ടതാണ്.വീട്ടിൽ പോവുന്നതാണ് നല്ലത്. ശ്രദ്ധിക്കണമെന്നേയുള്ളു.
മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞതിൽ നിന്ന്മനസിലായത് ഒന്നു മാത്രം!
അനിവാര്യമായത് സംഭവിക്കും.
തറവാട്ടുവീട്ടിലേതാമസിക്കു. അധ്വാനിച്ചു നേടിയ മണ്ണ്. വിയർപ്പൊഴുക്കി വളർത്തിയ തെങ്ങും കവുങ്ങും. അത് വിട്ട് മറ്റൊരിടത്തേക്കും യാത്രയില്ല .ഒരു ദിവസമൊക്കെ മാറി നിന്നെന്നിരിക്കും. അതിൽ കൂടുതലില്ല.
അസമയത്തെ ഫോൺ വിളികൾ ഭയപ്പെടുത്തി. രാത്രിയിൽ അറിയാതെ ഞെട്ടിയുണരുന്നതു പതിവായി. ഏയ് ! വെറുതേ ! ഓരോതോന്നലുകൾ.
പതിവുപോലെ വൈകിട്ട് വീട്ടിൽ പോയി. "നീ ചായ കുടിച്ചോ "കുശലത്തിനു കുറവില്ല.ഒരു കുഴപ്പവുമില്ല. ഭയപ്പെടുന്നതൊക്കെ വെറുതേ.
"പറഞ്ഞാൽ കേക്കില്ല.വീട്ടിൽ പോണം വീട്ടിൽ പോണം എന്നിടയ്ക്കിടയ്ക്ക് പറയും. ഇതല്ലേ വീട്? ഞാനെന്താ ചെയ്ക?" അമ്മ കണ്ണു നിറച്ചു.
പന്നിക്കോട്ടൂരിൽ നിന്ന് പന്തിരിക്കരയിൽ എത്തിയതേയുള്ളു.
ശ്രീധരന്റെ വിളി വന്നു. "അമ്മാമനൊന്നു വീണു. ഞ്ഞി വേഗം വാ "
ടാക്സി വിളിച്ച് വീണ്ടും തറവാട്ടിലേക്ക്.അച്ഛൻ കോലായിൽ കിടക്കുന്നു. നെറ്റി പൊട്ടിയിട്ടുണ്ട്. കണ്ടപ്പഴേ പറഞ്ഞു.
"നീയിപ്പളല്ലേ പോയത്? എന്തിനേ തിരിച്ചു വന്നത് "
" രാത്രിയിലെന്തിനാ മുറ്റത്തിറങ്ങിയത്?"
"അതേ, കപ്പയൊക്കെ ഇല്ലേ, കോവുപുറത്ത്? പന്നിയൊക്കെ വരൂലേ? അതു നോക്കാനിറങ്ങിയതാ."
ഒരു പത്തുകൊല്ലം മുമ്പുള്ള കാര്യമാണ് പറയുന്നത്.
"നമുക്ക് ഒറ്റക്കണ്ടത്തിലേക്ക് പോയാലോ "
തടസ്സമൊന്നും പറഞ്ഞില്ല. എഴുന്നേൽക്കാൻ ശ്രമിച്ചു. പറ്റുന്നില്ല.
എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. മനസിലാവുന്നില്ല. വരുന്നത് അവ്യക്തമായ ശബ്ദം മാത്രം!
ശ്രീധരനും ഡ്രൈവറും സഹായിച്ചു. വണ്ടിയിലേക്ക് എടുത്തു കൊണ്ട് പോയി.ബോധം മറഞ്ഞതുപോലെ. മടിയിൽ തലചേർത്ത് കിടക്കുകയാണ്.നെറ്റിയിൽ നിന്ന് രക്തം പൊടിഞ്ഞു വരുന്നുണ്ട്.
അതിവേഗം പേരാമ്പ്രയിലെത്തി. ഗവൺമെന്റ് ആശുപത്രിയിൽ. ഭാഗ്യം! ഡോക്ടറുണ്ട്. വിശദമായി പരിശോധിച്ചു. നെറ്റിയിൽ മരുന്നു വെച്ചു.
"വേണമെങ്കിൽ നിങ്ങൾക്ക് കോളേജിൽ പോകാം. ഇവിടെ നിന്നാലും കുഴപ്പമില്ല. കാര്യങ്ങൾ നിങ്ങൾക്കറിയാലോ!"
ഡോക്ടർ പറഞ്ഞു.
അറിയാം. കാര്യങ്ങളൊക്കെ അറിയാം!!
ഉറങ്ങാതിരുന്നു.അമ്മ മാത്രമേ കൂട്ടിനുള്ളു. പലരേയും വിളിച്ചു.കിട്ടിയില്ല. ആരുമില്ലാത്തതു പോലെ. അനാഥത്വം പൂർണമാവുകയാണോ!
കുറ്റ്യാടിപ്പുഴയിലെ കുത്തൊഴുക്കിൽ പുഴ കടന്നതോർമ്മ വന്നു. അലറിക്കുതിച്ചു വരികയാണ് പുഴ. പറമ്പല്ലിക്കടവിൽ, ഇറങ്ങിക്കടക്കണം. തലയിൽ സഞ്ചിയിൽ, റേഷനരി.ഒക്കത്ത് ഒരു എട്ടു വയസുകാരൻ. വെള്ളം പൊങ്ങുകയാണ്. പുഴയുടെ നടുക്കെത്തി .ഒക്കത്തിരിക്കുന്നവൻ കാലും കയ്യും ഒരു പോലെ ചുറ്റിവരിഞ്ഞു. കാല് മുന്നോട്ടു നീക്കാൻ വയ്യ. അരി സഞ്ചി പുഴയിലേക്കിട്ടു. പൂട്ടുപോലെ അരയിൽ ചുറ്റിയിരുന്ന കാലുകൾ വേർപെടുത്തി. പതിയെ,തെന്നുന്ന പാറയിലുടെ മുന്നോട്ടു നീങ്ങി.ഒരു വിധം കരയ്ക്കെത്തി. തളർന്നിരുന്നു.അമർത്തിയമർത്തിപ്പുണർന്നു.
അച്ഛൻ ഇടയ്ക്കിടെ ഞെട്ടിയുണരുന്നുണ്ട്. എഴുന്നേൽക്കാൻ ശ്രമിക്കും -പറ്റുന്നില്ല -
"ഒന്നുമില്ല കേട്ടോ " പതിയെ തലയിൽ തലോടും.
നേരം പുലർന്നു. വീട്ടിലേക്ക് പോകാമെന്ന് ഡോക്ടർ പറഞ്ഞു. "കിടത്തിയിട്ട് കാര്യമില്ല .നിങ്ങൾക്കറിയാലോ "
അറിയാം.
അച്ഛനാണ്. മണ്ണിലും ചെളിയിലും നിന്ന് ഒരു ജീവിതം തന്നയാളാണ്. സ്വയം മെഴുകുതിരിയായി കത്തിയെരിഞ്ഞയാൾ!സ്കൂളിൽ പോയിട്ടില്ല. പേരെഴുതാനറിയില്ല. അക്ഷരാഭ്യസമില്ല.
മക്കൾക്കിതെല്ലാം ആവോളം നൽകി.വെയിലിൽ താങ്ങായി. മഴയത്ത് കുടയായി.തളർച്ചയിൽ കരുത്തായി. ജീവിതത്തിന്റെ പ്രതിസന്ധികളിലെല്ലാം ആ മനസ്സായിരുന്നു അഭയം!
കടിയങ്ങാട്ടെ പെങ്ങളുടെ വീട്ടിലേക്ക് പോന്നു.രണ്ടു ദിവസം വേണ്ടി വന്നില്ല. വീണ്ടും ആശുപത്രിയിൽ. ഇപ്രാവശ്യം പേരാമ്പ്ര ഇ എം എസ് ആശുപത്രിയിലാണ്. വണ്ടിയിൽ നിന്നിറക്കി, സ്ട്രെച്ചറിൽ കിടത്തുമ്പോൾ കണ്ണു തുറന്നു നോക്കി.
അത്തരമൊരു നോട്ടം ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല..
അടച്ച കണ്ണ് പിന്നീട് തുറന്നതേയില്ല .മൂന്നു ദിവസം! ഒരേ കിടപ്പ്! പല തരം കുഴലുകൾ ശരീരത്തിൽ .സമയാസമയം കുത്തിവെയ്പ്. ഒറ്റ ആശ്വാസം .ഇതൊന്നും അച്ഛൻ അറിയുന്നില്ലല്ലോ!
പാതിരാത്രിയിൽ പെങ്ങളുടെ നിലവിളി. അതെ. പൂർത്തിയായി. ഒരു ജീവിതചക്രം!!
പിന്നെ വീട്ടിലേക്ക് -
വരവുകൾ ,പോക്കുകൾ, തോളിൽ തട്ടലുകൾ - ഒന്നുമറിഞ്ഞില്ല. മനസ് നിസംഗമായി!
ചടങ്ങുകൾ.കരച്ചിലുകൾ, നിലവിളികൾ, തേങ്ങലുകൾ - ഒന്നും തോന്നിയില്ല. എപ്പോഴോ പിടികൂടിയ കടുത്ത പനി. മരണം പോലെ തണുത്ത കടന്തറയിലെ വെള്ളത്തിൽ മുങ്ങി നിവർന്നു.ഈറനോടെ വീട്ടിലേക്കു നടക്കുമ്പോൾ മനസ് ഒരു കവിതയിലേക്ക് ഉഴറിച്ചാടി -
"നല്ലച്ഛനെ കുളിപ്പിച്ചതും
നീരുവീഴ്ത്തി കിടത്തിയതും
നിന്റെ ചാരെ,യല്ലേ പൊന്നേ
എന്റെ പുഴേ മാതാവേ! "
ജി.രവി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ