2017 മേയ് 24, ബുധനാഴ്‌ച

പെണ്ണൂട്ടിയമ്മ

പെണ്ണൂട്ടിയമ്മ
.......................
കൈതപൂത്ത വയൽവരമ്പിൽനിൽക്കുന്നത് ഒരനുഭവമാണ്. തോട്ടിൽ പാദം നനയാൻ പാകത്തിലേ വെള്ളമുണ്ടാവൂ. ഒരു മാനത്തുകണ്ണി എത്തിനോക്കി കൈതപ്പൊന്തയിൽ ഒളിച്ചുകളയും. വരാലും മുഷിയും പതുക്കെ, വല്ലാത്തൊരു ഗൗരവത്തോടെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നുണ്ടാവും. പരൽമീനിനെ കൊത്തിപ്പറക്കാൻ തക്കം നോക്കി ഒരു പൊൻമാൻ, മരക്കൊമ്പിൽ .

കൈതപൊന്തയ്ക്കരികിലൂടെ സന്ധ്യയ്ക്ക് പോകരുതെന്നാണ്!കൈതപ്പു ചൂടാനെത്തുന്ന യക്ഷകിന്നരൻമാർ നമ്മെയും വശീകരിക്കുമത്രേ!

ഞങ്ങളുടെേനാട്ടിൽ തോടും കൈതക്കാടും ധാരാളമുണ്ടായിരുന്നു. മഴയൊടുങ്ങുന്നതോടെ കൈതോല യെല്ലാം അരിഞ്ഞെടുത്ത് തോടു വൃത്തിയാക്കും.കൈതോലയാവട്ടെ പായും പരമ്പുമായി രൂപം മാറി വരികയും ചെയ്യും.

പെണ്ണൂട്ടിയമ്മയായിരുന്നു, നാട്ടിലെ വയലമ്മ  .പാടത്തും, കളത്തിലും മുന്നിൽത്തന്നെ.. ഞാറുനടാനും, നെല്ലു കൊയ്യാനും മറ്റൊരു നേതാവില്ല. പെണ്ണൂട്ടിയമ്മ പാടത്തിറങ്ങിയാൽ കർക്കിടകമാരി പോലെ നാടൻ പാട്ടുകൾ ഒഴുകിയെത്തും. പൂമാതൈ പൊന്നമ്മ ഉടലാർന്ന് നൃത്തം ചെയ്യും.ഉണ്ണിയാർച്ച, നാദാപുരത്തങ്ങാടിയിൽ താണ്ഡവമാടും....

പറയാൻ തുടങ്ങിയാൽ നിർത്താൻ കഴിയാത്തത്രയും കഥകൾ.ഞാറ്റുപാട്ടുകളും,ചാറ്റുപാട്ടുകളും എല്ലാം മന:പ്പാഠം!കൂളിയും തെറയും വെള്ളാട്ടും ,അതിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നാവിൻ തുമ്പിലുണ്ട്.

മടിയിൽ എപ്പോഴും വലിയ മുറുക്കാൻ പൊതിയുണ്ടാവും. നാട്ടിലെ മുഴുവൻ ആളുകൾക്കും അതിൽ അവകാശമുണ്ട്. മുറുക്കാൻ ചോദിച്ച ആരെയും പെണ്ണൂട്ടിയമ്മ നിരാശപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും മരത്തണലിലിരുന്ന് പൊതിയഴിക്കുകയായി. പഴമ്പുരാണത്തിന്റെ അകമ്പടിയോടെ സമൃദ്ധമായ മുറുക്ക്!

കുടിയേറ്റങ്ങളുടെ കാലത്ത്, വലിയൊരു വിപ്ലവനായിക കൂടിയായിരുന്നു ഞങ്ങളുടെ ഈ അമ്മ. ദളിതർക്ക് മാറു മറയ്ക്കാൻ അവകാശമില്ലാതിരുന്ന കാലം. വെളുത്തൻ എന്ന കർഷകത്തൊഴിലാളി കട്ടുകൊണ്ടു പോവുകയായിരുന്നു, പെണ്ണൂട്ടി എന്ന യുവതിയെ. പിന്നെ നാട്ടിൽ പ്രത്യക്ഷപ്പെട്ടത് കുപ്പായമിട്ട വധു !
അക്കാലത്ത് അതൊരു വിപ്ലവ പ്രവർത്തനം തന്നെയായിരുന്നു!

പെണ്ണുട്ടിയമ്മയെ ഓർക്കുമ്പോൾ, ഹൃദ്യമായ വയൽ ഞരമ്പുകൾ ഓർമ്മ വരും. വയൽ ചെളിയുടെ ഗന്ധം! അധ്വാനത്തിന്റെ സുഗന്ധം !!

"കുഞ്ഞാ, ഇനക്ക് മുറുക്കാൻ വേണോ മോനേ "- എന്നൊരു വിളി എവിടെ നിന്നെങ്കിലും കേൾക്കുന്നുണ്ടോ?

കാതോർക്കുകയാണ്!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ